(c) Sreelal Photography . Powered by Blogger.

Wednesday, August 22, 2007

കല്‍ക്കത്തയിലേക്ക്‌ ഒരു യാത്ര..

കുറച്ചു മാസങ്ങള്‍ക്കുമുന്‍പ്‌ കല്‍ക്കത്തയിലേക്ക്‌ രണ്ടുദിവസത്തെ ഒരു യാത്ര നടത്തി. ഉദ്യോഗസംബന്ധമായി കുറച്ചുദിവസമായി അവിടെയുള്ള എന്റെ ജേഷ്ഠന്റെകൂടെ രണ്ടുദിവസം ചിലവിടുകയും കല്‍ക്കത്ത കാണുകയുമായിരുന്നു പരിപാടി.സമയക്കുറവുകാരണം ഒടുവില്‍ അത്‌ കൂറ ബംഗാളില്‍ പോയപോലെയായി. അന്ന് പകര്‍ത്തിയ ചില ചിത്രങ്ങള്‍ പോസ്റ്റുകയാണിവിടെ. നല്ല ചിത്രങ്ങള്‍ എന്നുപറയാവുന്നവ ഇല്ല. എങ്കിലും അങ്ങ്ഡ്‌ പോസ്റ്റാ...
ഗംഗാനദിയില്‍ ഒരു തോണിയാത്ര।

പശ്ചാത്തലത്തില്‍ കാണുന്ന മന്ദിരം ശ്രീരാമകൃഷ്ണ മിഷന്‍ മഠം, ബേലൂര്‍. ഗംഗാനദിയുടെ പടിഞ്ഞാറന്‍ തീരത്ത്‌ (കല്‍ക്കത്തയില്‍ ഹൂഗ്ലിനദി) സ്ഥിതിചെയ്യുന്ന ഈ സ്ഥലത്താണ്‌ മിഷന്റെ ആസ്ഥാനം. അടുത്തു തന്നെ ശ്രീരാമകൃഷ്ണ മിഷന്‍ മ്യൂസിയവും ഉണ്ട്‌. സ്വാമി ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാ ദേവിയുടെയും സ്വാമി വിവേകാനന്ദന്റെയും ജീവിത ചരിത്രം അവിടെ ചിത്രീകരിച്ചിരിട്ടുണ്ട്‌. അവരുടെ ജീവിതകാലത്ത്‌ ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും എല്ലാം അവിടെക്കാണാം. സ്വാമി വിവേകാനന്ദന്റെ സ്വന്തം പലപ്പോഴായി എഴുതിയ എഴുത്തുകളും ഒക്കെ അവിടെ സൂക്ഷിച്ചിട്ടുണ്ട്‌. ഒപ്പം തന്നെ ബംഗാളിന്റെ സാംസ്കാരിക ചരിത്രവും ചരിത്രനായകരുടെയും ചിത്രങ്ങളും വിവരണങ്ങളും.നദിയിലൂടെ ഞാന്‍ യാത്ര ചെയ്തത്‌ ദക്ഷിണേശ്വര്‍ ക്ഷേത്രത്തിലേക്കായിരുന്നു. ഹൂഗ്ഗ്ലി നദിക്കരയിലുള്ള ഈ കാളീക്ഷേത്രത്തിലെ ഉപാസകനായിരുന്നു ഭാരതം കണ്ട മഹാനായ ആത്മീയ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസര്‍. അദ്ദേഹം താമസിച്ചിരുന്ന മുറി അതുപോലെത്തന്നെ അവിടെ പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്‌.


ഇന്ത്യന്‍ മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമാണ്‌ ഈ മ്യൂസിയം. 1814 -ല്‍ സ്ഥാപിതമായ ഈ മ്യൂസിയം പഴക്കത്തിന്റെ കാര്യത്തിലെ ലോകത്തില്‍ ഒന്‍പതാം സ്ഥാനത്താണ്‌. ഭാരതത്തിന്റെയും ഭാരതീയ സംസ്കാരത്തിന്റെയും ചരിത്രം ശില്‍പങ്ങളിലൂടെയും പെയിന്റിങ്ങുകളിലൂടെയും അപൂര്‍വങ്ങളായ പുരാവസ്തുക്കളിലൂടെയും അനുഭവിക്കാന്‍ കഴിഞ്ഞു എനിക്ക്‌. ചിത്രങ്ങളിലും കറന്‍സിയിലും മാത്രം ഞാന്‍ കണ്ട അശോകസ്തംഭത്തിന്റെ യഥാര്‍ത്ഥ ശില്‍പം അവിടെ കണ്ടു. നേരം വൈകിയതുകൊണ്ട്‌ മുഴുവനും കണ്ടു തീര്‍ക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇപ്പൊഴും മനസ്സിലുണ്ട്‌.


മ്യൂസിയത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വസ്ത്രരീതികള്‍ ചിത്രീകരിച്ചിരിക്കുന്നു.


കണ്ടോ നമ്മുടെ മലയാളിയെ ?
വിക്ടോറിയ മെമ്മോറിയല്‍।
വിക്ടോറിയ രാജ്ഞിയുടെ സ്മരണാര്‍ത്ഥം ബ്രിട്ടീഷുകാര്‍ 1921 ഇല്‍ പണി കഴിപ്പിച്ച ഈ സ്മാരകം ഇന്ന് മ്യൂസിയമാണ്‌. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ വിഖ്യാതമായ പല രേഖകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. സ്വാതന്ത്യ സമരകാലത്തെ പല പത്രങ്ങളും അപൂര്‍വങ്ങളായ ചിത്രങ്ങളും ഒക്കെ അവിടെയുണ്ട്‌. "പ്രിയ ജവാഹര്‍...” എന്ന് തുടങ്ങി സുഭാഷ്‌ ചന്ദ്രബോസ്‌ നെഹ്രുവിനെഴുതിയ എഴുത്തുകളൊക്കെ അവിടെക്കണ്ടപ്പോള്‍ ഞാന്‍ വികാരധീനായി.ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന്റെ രേഖയും അവിടെ പ്രദര്‍ശനത്തിനുണ്ട്‌. എന്റെ മുന്നിലുണ്ടായിരുന്ന മധ്യവയസ്കന്‍ അതില്‍ നോക്കി മുഷ്ടി ചുരുട്ടി “വന്ദേ മാതരം .." എന്ന് ഉറക്കെത്തന്നെ വിളിച്ചത്‌ എന്നില്‍ ആവേശമുണര്‍ത്തിയ ഒരു അനുഭവമായി. അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാന്‍ ജീവന്‍ നല്‍കിയ ലക്ഷക്കണക്കിന്ത്യക്കാരുടെ സ്മരണ ഒരു നിമിഷംകൊണ്ട്‌ അവിടെ നിറഞ്ഞതായും എല്ലാവരും ഒരു വേള അവരുടെ ത്യാഗത്തിന്റെ ആഴം മനസ്സില്‍ അറിഞ്ഞതായും എനിക്കുതോന്നി.
ഈഡന്‍ ഗാര്‍ഡന്‍സിന്റെ കവാടം. ചെവിയോര്‍ത്താല്‍ കേള്‍ക്കാം ആരവം...
മൈതാന്‍॥നഗരത്തിനു നടുവിലെ വിശാലമായ കളിക്കളം.. ഏക്കറുകള്‍ പരന്നു കിടക്കുന്ന ഈ മൈതാനം മനോഹരമായ ഒരു കാഴ്ചയാണ്‌. ഇവിടെയാണ്‌ കല്‍ക്കത്തയുടെ പ്രശസ്തമായ കായികലോകം പന്തുരുട്ടിത്തുടങ്ങുന്നത്‌. ഈസ്റ്റ്‌ ബംഗാളിന്റെ യും മോഹന്‍ ബഗാന്റെയും ഗ്രൗണ്ടുകള്‍ അടുത്തുതന്നെയുണ്ട്‌.


താമസത്തിനു സൗകര്യം ചെയ്തുതന്ന സഞ്ജീബ്‌ദായുടെ ഊഷ്മളമായ ആതിഥ്യം ആസ്വദിച്ചും മെട്രൊയിലൂടെ നഗരത്തില്‍ കറങ്ങിയുംറൈറ്റേര്‍സ്‌ ബില്‍ഡിങ്ങും ബിര്‍ളാ പ്ലാനറ്റോറിയവും ബോട്ടാണിക്കല്‍ ഗാര്‍ഡനും ഗ്രേറ്റ്‌ ബനയന്‍ ട്രീയുമൊക്കെ കണ്ട്‌ മടങ്ങുമ്പോള്‍ മനസ്സില്‍ തങ്ങിനിന്നത്‌ നഗരത്തില്‍ നിന്നും അല്‍പം അകലെയുള്ള ശാന്തിനികേതന്‍ സന്ദര്‍ശിക്കാന്‍ പറ്റാതിരുന്നതിലുള്ള വിഷമമായിരുന്നു. എന്തായാലും ഒരിക്കല്‍ക്കൂടി പോകണം കല്‍ക്കത്തയിലേക്ക്‌, എന്നെങ്കിലും.. കാണാനും അറിയാനും ഒരു പാടുബാക്കിയുണ്ട്‌ ഭാരതത്തിന്റെ ആ പഴയ തലസ്ഥാനനഗരിയില്‍... ശ്രീരാമകൃഷന്റെയും വിവേകാനന്ദന്റെയും ടാഗോറിന്റെയും അരബിന്ദോയുടെയും സുഭാഷ്‌ ചന്ദ്രബോസിന്റെയും സത്യജിത്‌ റായുടെയും മഹാശ്വേതാ ദേവിയുടെയും ഋതുപര്‍ണ ഘോഷിന്റെയും മദര്‍ തെരേസയുടെയും അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര പ്രതിഭകള്‍ വളര്‍ന്ന വംഗനാട്ടില്‍....കേരളത്തിന്റെ പ്രിയപ്പെട്ട ബംഗാളില്‍...


Thursday, August 9, 2007

അകത്തും പുറത്തും- പുതിയ ഫോട്ടോ പോസ്റ്റ്‌..ചട്ടിപ്പൂവ്‌ എന്നാണ്‌ ഞങ്ങളുടെ നാട്ടില്‍ വിളിക്കുന്നത്‌॥
കുറിപ്പ്‌:
"എന്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു അവര്‍.." മീന്‍സ്‌, ഓഫീസില്‍ യാഹൂ, ഒാര്‍ക്കൂട്ട്‌ ബ്ലോഗാദികള്‍ എല്ലാം ബ്ലോക്കി. ബ്ലോഗ്‌ വായിക്കാം, പോസ്റ്റാന്‍ പറ്റില്ല. എന്തു ചെയ്യും ? പ്രോക്സി വഴി കയറുന്നവരെ പിടിക്കാന്‍ സ്ക്വാഡ്‌ വരുന്നുണ്ടെന്ന് കേട്ടു...എസ്‌ എസ്‌ എല്‍ സി പരീക്ഷയ്ക്ക്‌ കോപ്പിയടിക്കുന്നവരെ പിടിക്കാന്‍ സ്ക്വാഡ്‌ വരും എന്നു കേട്ടിട്ടുണ്ട്‌. കണ്ടിട്ടില്ല ഇതുവരെ. ആ ധൈര്യത്തില്‍ കയറി പോസ്റ്റുന്നു.രണ്ടാഴ്ചമുന്‍പ്‌ വീട്ടില്‍ പോയപ്പോള്‍ ക്ലിക്കിയ ചിത്രം. പുതുമയൊന്നും ഇല്ല എന്നു തോന്നുന്നു. എങ്കിലും പോസ്റ്റുന്നു. കണ്ടാലും..

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP