Sunday, October 28, 2007
Friday, October 12, 2007
കണ്ണകി.
കുറ്റാരോപിതനായ കോവലനെ രാജനീതിയുടെ ഖഡ്ഗം വിചാരണ കൂടാതെ തലയറുത്തപ്പോള് കോവലന്റെ പത്നി കണ്ണകിയുടെ ശാപാഗ്നിയില്‍ വെന്തത് മധുരാനഗരം മുഴുവനുമായിരുന്നു.
കുറ്റാരോപിതരെ തെരുവില്‍ കെട്ടി വലിക്കുകയും ഗര്‍ഭിണികളെവരെ ആള്‍ക്കൂട്ടങ്ങള്‍ മര്‍ദ്ദിക്കുകയും ചെയ്യുന്ന നമ്മുടെ വര്‍ത്തമാനകാലവും ഒരു പാടു ശാപങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ടാവണം.
Posted by ശ്രീലാല്‍ at 1:24 PM 11 comments
Labels: കണ്ണകി, ചിത്രങ്ങള്‍
Wednesday, October 10, 2007
പാണത്തൂര്‍ വഴി സ്കോട്ലാന്റിലേക്ക്.
ഇക്കഴിഞ്ഞ ഓണാവധിക്കാലത്ത് ഇന്ത്യയിലെ സ്കോട്ലാന്റ് എന്നറിയപ്പെടുന്ന കുടകിലേക്കു നടത്തിയ ഒരു യാത്രയുടെ ചില ചിത്രങ്ങളും കുറിപ്പുകളും॥
 നനുത്ത മഴനൂലുകള്‍ നിര്‍ത്താതെ പെയ്ത ഒരു പകലും രാത്രിയും മഞ്ഞിന്റെ പുതപ്പും പുതച്ച് കുളിര്‍ത്തുനില്‍ക്കുന്ന കുടകുമലനിരകളിലൂടെ തലക്കാവേരിയിലേക്ക്, പിന്നെ കോടമഞ്ഞുപുതച്ചുകിടന്ന മലനിരകളിലൂടെ, വിശാലമായ കാപ്പിത്തോട്ടങ്ങളിലൂടെ, ഓറഞ്ചുതോട്ടങ്ങളിലൂടെ മെര്‍ക്കാറയിലേക്ക്.

കാടിന്റെയും നിഗൂഢഭാവങ്ങളും കാട്ടുചോലകളുടെ കുളിരും ഹരിതഭംഗിയുടെ വശ്യതയും അനുഭവിക്കണമെങ്കില്‍ ഇവിടേക്കു പോകൂ. കേരളാ - കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള മലനിരകള്‍ കടന്നാലെത്തം കുടകിലേക്ക്.
 ഞങ്ങള്‍ അഞ്ചുപേര്‍. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാടേക്ക് - പാണത്തൂര്‍ - ബാഗമണ്ഡലം വഴി തലക്കാവേരിയിലേക്ക്. അവിടുന്ന് മെര്‍ക്കാറയിലേക്ക്..
 ഗോള്‍ഡന്‍ ടെമ്പിള്‍ - ദൂരെ നിന്നും
അയ്യായിരത്തോളം വരുന്ന ടിബറ്റര്‍ താമസിക്കുന്ന പ്രദേശം. എല്ലാ സൗകര്യങ്ങളോടും കൂടി തങ്ങളുടെ തനതായ ജീവിത രീതിയില്‍ അവിടെ ജീവിക്കുന്നു. സ്കൂളും കോളേജും ഒക്കെ അവിടെയുണ്ട്. ഒപ്പം മനോഹരമായ ബുദ്ധക്ഷേത്രവും. - ഗോള്‍ഡന്‍ ടെമ്പിള്‍ എന്ന് അറിയപ്പെടുന്ന ബുദ്ധമതക്കാരുടെ ആരാധനാലയം കാണേണ്ടതുതന്നെ. ടിബറ്റന്‍ രീതിയിലുള്ള ശില്പങ്ങളും വിഗ്രഹങ്ങളും ചുവര്‍ചിത്രങ്ങളും ഇവിടെക്കാണാം.ചുവപ്പും ബ്രൗണും നിറത്തിലുള്ള മുണ്ടും പുതപ്പും പുതച്ചു നടക്കുന്ന ഇവിടുത്തെ സ്കൂളിലെയും കോളേജിലെയും കുട്ടികളെ കാണാനും കൗതുകം തന്നെ.
 ണിം.. ണിം...
ഗോള്‍ഡന്‍ ടെമ്പിള്‍.
ബുദ്ധപ്രതിമ.
 നിര്‍ത്താതെ പെയ്ത ചാറ്റല്‍മഴയും കട്ടികൂടിയ കോടമഞ്ഞും ചിലപ്പോഴൊക്കെ ഡ്രൈവിങ്ങ് ദുഷ്കരമാക്കിയെങ്കിലും ആസ്വദിച്ചു, കുടകിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ആ യാത്ര।തിരിച്ചു വന്നത് മെര്‍ക്കാറയില്‍നിന്നും വിരാജ്പേട്ടിലേക്ക്। അവിടുന്ന് ചുരമിറങ്ങി മാക്കൂട്ടം - കൂട്ടുപുഴ വഴി ഇരിട്ടിയിലേക്ക്. അവിടെനിന്നും മട്ടന്നൂര്‍ വഴി കണ്ണൂരേക്ക്. തിരിച്ചു വന്നവഴി വിരാജ്പേട്ട ചുരത്തിലൂടയുള്ള യാത്ര തികച്ചും ദുഷ്കരമായിരുന്നു. ആവഴി വന്നല്ലോ എന്നായിപ്പോയി ഒടുവില്‍. അത്രയ്ക്കും മോശമായിരുന്നു റോഡിന്റെ അവസ്ഥ. 10- 15 കിലോമീറ്റര്‍ റോഡിന്റെ സ്ഥാനത്ത് കുണ്ടും കുഴിയും മാത്രം. കേരളാ ബോര്‍ഡര്‍ എത്തുമ്പോഴെക്കും നടുവിന്റെ ബോള്‍ട്ടിളകി.
എങ്കിലും മൊത്തത്തില്‍ ആസ്വദിച്ചു ആ സ്കോട്ലാന്റ് യാത്ര... മനോഹരമയായ നിമിഷങ്ങള്‍ ഇനി ഒാര്‍മ്മയില്‍..
Posted by ശ്രീലാല്‍ at 6:15 PM 20 comments
Labels: കുടക്, ചിത്രങ്ങള്‍, മടിക്കേരി, മെര്‍ക്കാറ, യാത്ര







