(c) Sreelal Photography . Powered by Blogger.

Thursday, March 20, 2008

മുഹമ്മദ് ഡോക്ടര്‍

ചെറുപ്പത്തില്‍ പനിയും ശ്വാസം മുട്ടലും പിടിച്ച് മുഹമ്മദ് ഡോക്റ്ററുടെ അടുത്ത് പോകുമ്പോളാണ് ഞാന്‍ ലോകത്തെ ശരിക്കും ശ്രദ്ധിച്ചു കണ്ടിരുന്നത്.തലയില്‍ വലിയ ഒരു ഭാരം എടുത്തു വച്ചിട്ടെന്നവണ്ണം പനിയും കൊണ്ട് പഴയ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ആശുപത്രി വരാന്തയിലെ തേയ്മാനം വന്ന ബെഞ്ചില്‍ അകത്തേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കും ഞാന്‍. രണ്ടാശ്ചകൂടുമ്പോള്‍ ഒരിക്കല്‍ പതിവാണ് പനി. വാവടുപ്പിച്ച് വലിവും. വലിവു മാറാന്‍ നെറുകയില്‍ തേച്ച പശുവിന്‍ നെയ്യിന്റെ മണവുമായി ഞാന്‍ കാത്തിരിക്കും അവിടെ. മുന്നില്‍ വരിവരിയായി നില്‍ക്കുന്ന പെണ്ണുങ്ങളും ആണുങ്ങളും കുട്ടികളും. ഒരേ ആള്‍ക്കാരു തന്നെ എന്നും ഉണ്ടാകും അവിടെ ഏതു സമയത്തു ചെന്നാലും. കറുത്ത പര്‍ദ്ദയും കൈയില്‍ ഉണങ്ങാതെ ചുരുട്ടിയ ഒരു കുടയും മരുന്നു കുറിച്ച ഒരു പച്ചക്കടലാസുമായി ഒരു ഉമ്മ.. കാലിലെ പുണ്ണില്‍ കെട്ടുമായി ഒരു വയസ്സന്‍. പനിയായതിനാലോ വിളര്‍ച്ച ബാധിച്ച കണ്ണുകളുമായി ചുവരില്‍ ചാരി നില്‍ക്കുന്ന ഒരു മെലിഞ്ഞ പെണ്‍കുട്ടി. കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞിനെ ആട്ടിയാട്ടി നില്‍ക്കുന്ന ഒരു സ്ത്രീ.. കൈയില്‍ ഒരു സ്ലൈഡുമായി ആടിയാടി നടക്കുന്ന തടിച്ച നര്‍സ്. ഇരുണ്ടമുറിയില്‍ നാലഞ്ചാ‍ളെ പരിശോധിച്ച ശേഷം ഒന്നിച്ച് മരുന്നു കുറിച്ചു കൊടുക്കുന്ന ഡോക്ടര്‍. ഇടയ്ക്ക് മുന്നിലെ മൈക്രോസ്കോപ്പില്‍ നര്‍സ് കൊണ്ടുവെച്ച സ്ലൈഡില്‍ ഒരു നോട്ടം. അടുത്ത മുറിയില്‍ കാലില്‍ കെട്ടി കാത്തിരിക്കുന്ന ചെറുപ്പക്കാരന്റെ അടുത്തേക്ക് അതിനിടയില്‍ ഒരു ഓട്ടം. കൂട്ടിയിട്ടിരിക്കുന്ന പൊടിപിടിച്ച സാമ്പിള്‍ മരുന്നുകളുടെയും കടലാസുകളുടേയും ഇടയില്‍ ഒരു ഇന്ത്യന്‍ എക്പ്രസ്. കൈ കൊണ്ട് ഒരാംഗ്യമാണ്. കയറി വരാന്‍. ഒരു മിനുട്ട്. നെഞ്ചത്ത് സ്റ്റെതസ്കോപ്പിനാല്‍ രണ്ട് വെപ്പ്. ചുമയുണ്ടോ ? കഫമുണ്ടോ ? ഇത്രയും ചോദ്യങ്ങള്‍. നിരത്തിവെച്ചിരിക്കുന്ന മരുന്നു കുപ്പികളില്‍ കൈയിട്ട് ഒരു വാരല്‍. ഡോക്ടര്‍ പറയുന്നതൊന്നും മനസ്സിലാവില്ല. എങ്കിലും എനിക്കറിയാം ഏതെല്ലാം ഗുളികള്‍. എത്രെയെണ്ണം. എപ്പൊഴെല്ലാം എന്ന്. പേര് ? വയസ്സെത്ര ? - ഇളം പച്ചക്കടലാസില്‍ കുത്തിവരഞ്ഞതുപോലെ ഒരു കുറിപ്പും കിട്ടുന്നു. ഞാന്‍ പോയിത്തുടങ്ങിയ കാലത്തെത്രയാണാവോ ഫീസ് ? ഓര്‍മ്മയില്ല. അച്ഛനോ അമ്മയോ ആയിരിക്കും കൂടെ വരിക.


പിന്നെ ഒരു മലയിറക്കം പോലെയാണ്. സിമന്റു പടികള്‍ ഇറങ്ങി താഴെ പ്രകാശ് ഹോട്ടലില് വെച്ചു ‍ തന്നെ ചായയും ഗുളികയും. ചെങ്ങളായി വിജയേട്ടന്റെ പീഡിയയില്‍ നിന്ന് ബാലരമ. ഒതേനാട്ടന്റെ പീഡിയയില്‍ നിന്നും റൊട്ടി. വീട്ടിലെത്തുമ്പോള്‍ വലിയമ്മ പറയും. "മുവമ്മദ് ഡോക്ടറെ ഏണി കേറും ബ്ലേക്കും ഓന്റെ പനി മാറി" എന്ന്. ഒപ്പം "എനി തുള്ളാന്‍ തുടങ്ങിക്കോ തല പൊന്തുംബ്ലേക്കും" എന്നുകൂടി ചേര്‍ക്കും.


ഇപ്പോള്‍
ഭൂമിയുടെ മറ്റേ അറ്റത്ത് ഈ നഗരത്തിലെ ഇരുപത്തിമൂന്നാം നിലയിലെ മുറിയില്‍ പനിക്കിടക്കയില്‍ കിടന്ന് ജാലകത്തിലൂടെ നോക്കുമ്പോള്‍ തെളിയുന്നത് മുഹമ്മദ് ഡോക്ടറുടെ രണ്ടു മുറികള്‍ മാത്രം ഉള്ള ആശുപത്രിയുടെ വരാന്തയും , വരിനില്‍ക്കുന്ന രോഗികളും തടിച്ച നെര്‍സും ഒക്കെയാണ്.

17 comments:

ശ്രീലാല്‍ March 20, 2008 at 10:31 AM  

പനിവന്നാല്‍ ഇതാണ് സ്ഥിതി. :)

ശ്രീ March 20, 2008 at 10:32 AM  

ശ്രീലാല്‍...
കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ച നല്ലൊരു ഓര്‍മ്മക്കുറിപ്പ്. ആ ഡോക്ടറേയും കഥാപാത്രങ്ങളേയും നേരില്‍ കണ്ട പ്രതീതി.
:)

[പനി മാറിയോ?]

ബയാന്‍ March 20, 2008 at 10:48 AM  

നല്ല ചീന്ത്.

Pramod.KM March 20, 2008 at 11:32 AM  

നല്ല ഓര്‍മ്മ. ഇതു വായിച്ചപ്പോള്‍ ഞാനും ഓര്‍ത്തു കുറെ കാര്യങ്ങള്‍:)

വിചാരം March 20, 2008 at 2:28 PM  

123

വാല്‍മീകി March 20, 2008 at 7:44 PM  

പനിയും ഓര്‍മ്മകള്‍ കൊണ്ടുവരുന്നു അല്ലേ?

വീട്ടിലെത്തുമ്പോള്‍ വലിയമ്മ പറയും. "മുവമ്മദ് ഡോക്ടറെ ഏണി കേറും ബ്ലേക്കും ഓന്റെ പനി മാറി" എന്ന്. ഒപ്പം "എനി തുള്ളാന്‍ തുടങ്ങിക്കോ തല പൊന്തുംബ്ലേക്കും" എന്നുകൂടി ചേര്‍ക്കും.

അതെനിക്കിഷ്ടായി. ഇനി എഴുതും ബ്ലേക്കും ഇതു ഓര്‍ത്തു ചിരിക്കാം.

കൊസ്രാക്കൊള്ളി March 20, 2008 at 9:08 PM  

പനികിടക്കയില്‍ നിന്നും അമേരിക്കയില്‍ എത്തിയ സുഹൃത്തേ ഓര്‍മ്മ അസ്സലായി

കൊച്ചുത്രേസ്യ March 20, 2008 at 11:07 PM  

ശ്രീലാലേ പനിയൊക്കെ ഇപ്പൊ പോവൂല്ലേ.. പുതച്ചുമൂടിക്കിടന്നുറങ്ങിയാല്‍ മതി.

ഇങ്ങനെ എനിക്കുമുണ്ട്‌ തൊടും ബ്ലേക്കും അസുഖം മാറ്റുന്ന ഒരു ഡോക്ടറ്‌. വര്‍ഷങ്ങള്‍ക്ക്‌ ഞാന്‍ ഭൂജാതയായ സമയത്ത്‌ ഞാനൊന്നു മരിക്കാന്‍ ശ്രമിച്ചപ്പോള്‍ കാലില്‍ പിടിച്ചു കുടഞ്ഞ്‌ ജീവിപ്പിച്ചതാണീ ഡോക്ടര്‍. ആ ഒരു ആത്മബന്ധം കൊണ്ടാവാം ഇപ്പോഴും എന്തസുഖം വന്നാലും എതു മഹാനഗരത്തിലെ കൊമ്പത്തെ ഡോക്ടറു ചികിത്സിച്ചാലും തിരിച്ചു നാട്ടില്‍ വന്ന്‌ ഈ ഡോക്ടര്‍ക്ക്‌ ഒരു അന്‍പതു രൂപാ റജിസ്ട്രേഷന്‍ ഫീസടച്ചാലേ എന്റെ അസുഖം മാറൂ.

വിചാരം March 21, 2008 at 9:51 AM  

ടിപ്പു സുല്‍ത്താന്‍ റോഡിനരികെ കുറുകെയുള്ള അഴുക്ക് ചാല്‍. അതിന് മീതെ പൊട്ടിപൊളിഞ്ഞ കോണ്‍ഗ്രീറ്റ് പലക, ചവിട്ട് പടി കയറിയാല്‍ പഴയ ബെഞ്ചില്‍ ചിലര്‍ ... തലകുനിച്ച് പലകുപ്പികളില്‍ വെളുത്തുരുണ്ട ചെറിയ മിഠായി പോലുള്ള മണികള്‍ അതിലേക്ക് പലകുപ്പികളില്‍ നിന്നായി ഓരോ തുള്ളിവീതം എന്തോ ഒഴിക്കുന്നൊരാള്‍. അയാളുടെ തലയ്ക്ക് മീതെ ഒരു പടം കഷണ്ടിയുള്ളൊരാള്‍, ഞാന്‍ മനസ്സില്‍ കരുതി അതയാളുടെ ബാപ്പ ആയിരിക്കുമെന്ന് അയാളും അതേപോലെ കഷണ്ടി തലയനായിരുന്നു, ഉപ്പാവയും പറഞ്ഞു “അത് ഹോമിയോപതിയുടെ ബാപ്പയാണന്ന്” (സാമുവല്‍ ഹനിമാന്‍)

അയാളെ ആരും വൈദ്യനെന്നും ഡോക്ടറെന്നും വിളിയ്കുന്നില്ല മൊയ്തീന്‍ കുട്ടിയ്ക്ക എന്നു പറഞ്ഞെന്റെ ഉപ്പാവ “ചെക്കന് വല്ലാത്ത പനി. കുരുത്തം കെട്ടവര്‍ പുഴേല് സുബഹിക്കിറങ്ങിയാല്‍ അസര്‍ബാങ്കു വിളിയ്ക്കുമ്പോളല്ലേ കയറാ...ഇന്നലെ രാത്രി തൊടങ്ങിയതാ”
കണ്ണൊന്ന് വട്ടത്തില്‍ തുറന്നു നോക്കി, നെറ്റിയില്‍ കൈപ്പടം മലര്‍ത്തി വെച്ചു നോക്കി ഇതായിരുന്നു ആകെയുള്ള പരിശോധന.. പിന്നെ രണ്ടു മൂന്ന് കുപ്പി എനിക്കും തന്നു. ഇത്തിരി ചവര്‍പ്പുണ്ടെങ്കിലും രസായിട്ട് തിന്നാവുന്ന ഗുളികകളുമുണ്ടന്നാ മനസ്സിലായത്.. ഇന്നും ചെറിയ അസുഖങ്ങള്‍ക്ക് നാട്ടിലെത്തിയാല്‍ വാര്‍ദ്ധക്യത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന മൊയ്തീന്‍ കുട്ടിയ്ക്കായുടെ മരുന്ന് തന്നെ വേണം മിഠായി പോലെയുള്ള ചെറുഗുളികകള്‍.
ഓര്‍മ്മയ്കള്‍ക്ക് ജീവന്‍ വരുന്നത് ഇതേപോലെയുള്ള പോസ്റ്റുകളാണ് .. നല്ല പോസ്റ്റ്

ഹരിയണ്ണന്‍@Hariyannan March 23, 2008 at 3:09 AM  

ശ്രീലാല്‍..

നല്ല എഴുത്ത്...ഓര്‍മ്മകളെ ഉണര്‍ത്തുന്നത്..
എഴുതുംബ്ലേക്കും പനി മാറീനോ?

വിഷ്ണു പ്രസാദ് March 23, 2008 at 6:32 AM  

കുറിപ്പു നന്നായി ശ്രീലാല്‍.നന്ദി.

നാടന്‍ March 24, 2008 at 12:14 PM  

ശെരിയന്നെപ്പാ ... നമ്മള വീടിന്റെ അടുത്തും ഇങ്ങന ഒരു ഡോക്ടര്‍ ഇണ്ടായിന്‌. ഇപ്പോം ഇണ്ടെന്ന് തോന്നുന്നു. പേര്‌ അസീസ്‌. ആ ആസ്പത്രീം ഇങ്ങനന്യായിരുന്ന്. പനി വെരുമ്പം എന്റെ അവസ്ഥേം ഇങ്ങനെതന്നെ... ഓര്‍മിപ്പിച്ചതിന്‌ താക്സ്‌ !

pts March 25, 2008 at 4:31 PM  

ഭൂതത്തിലേക്ക് ഒരു എത്തി നോട്ടം. നന്നായിരിക്കുന്നു,ശ്രീലാല്‍ .....കുട്ടിയായിരിക്കുംബോള്‍ മരുന്നും മന്ത്രവുമില്ലാതെ കഴിഞു.പക്ഷെ ഇന്ന് ശരീരം പറയുന്നു, മതി രസിച്ചത് എന്ന്.മാരകമായേക്കാവുന്ന അവസ്ഥയിലൂടെ...അസതമയമാകാതെ...അസ്തമയത്തിലേക്ക്.....

അസതമയ ചിത്രത്തിലേക്ക് എത്തി നോക്കുന്നതിന്
നന്ദി. വിദേശികള്‍ മാത്രമാണ്
ഇവിടെ ഈ എന്റെ ബ്ളോഗില്‍ എത്തുന്നത്.എന്നാല്‍ എനിക്കാകെ അറിയാവുന്ന ഭാഷ മലയാളം മാത്രമാണ്.അപൂര്‍ വം മലയാളികള്‍ മാത്രമാണ്
ഇവിടെ വല്ലതും കുറിച്ചിടാറുള്ളു.

ഗീതാഗീതികള്‍ March 29, 2008 at 12:01 AM  

ശ്രീലാല്‍, വായിച്ചു. രസിച്ചു.
കുട്ടിക്കാലത്ത് പനി വന്നാല്‍ സന്തോഷമാണ്. കുറച്ചുദിവസം പഠിക്കാതെയും, മറ്റൊന്നും ചെയ്യാതെയും കട്ടിലില്‍ വെറുതേ കിടക്കാമല്ലോ..കുത്തിവയ്പ്പ് എടിപ്പിക്കരുതെന്നു മാത്രം.....

ഹേമാംബിക April 1, 2008 at 8:16 PM  

അതിവിടെം പോസ്റ്റി അല്ലേ? അങ്ങനെ മുഹമ്മദ് ഡോക്ടര്‍ എല്ലാരുടെം വൈദ്യനായി..ഇതിന്റെ ബാക്കി ഞാന്‍ പോസ്റ്റിയാലൊ?

രാജന്‍ വെങ്ങര April 19, 2008 at 5:02 PM  

pani mariyo?kure nalayi ingottokke vannittu?parichu nattathinte ksheeenathilaa njaan. onnu veru pitikkatte.. ennittu venam enikkum onnu panichu kidakkaan..
enne marannu poyi alle?

maru February 15, 2010 at 5:50 PM  

nammudekko makkalku orkan enthutte nostalgeyanudaka pavangall

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP