(c) Sreelal Photography . Powered by Blogger.

Friday, December 21, 2007

എന്റെ ദിവാകരേട്ടന്‍

പത്തിരുപത്തേഴു വര്‍ഷമായി എനിക്ക് ദിവാകരേട്ടനെ നല്ല പരിചയമാണ്. ചെറുപ്പം മുതലേ എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളാണദ്ദേഹം. എല്ലാ ദിവസവും രാവിലെ ദിവാകരേട്ടന്‍ എന്റെ ജനാല്യ്ക്ക് അപ്പുറം വന്ന് ഭീകരസ്വപ്നങ്ങള്‍ കണ്ട് ഉറങ്ങുന്ന എന്റെ കണ്ണില്‍ കുത്തി എഴുന്നേല്പ്പിക്കാന്‍ നോക്കും. പുതപ്പ് വലിച്ചു മൂടി ഒളിച്ച് ഞാന്‍ പാവത്തിനെ പറ്റിക്കും അപ്പോള്‍.

രാവിലെ കുറച്ചു കഴിയുമ്പോഴേക്കും അദ്ദേഹം തിരക്കിലേക്ക് നീങ്ങും പിന്നെ വലിയ ചൂടിലായിരിക്കും അദ്ദേഹം. “അല്ല, ദിവാരേട്ടാ, എന്താ വിശേഷം ?” എന്ന് ഉച്ചയ്ക്കോ മറ്റൊ ചോദിക്കാന്‍ പോയാല്‍ കണ്ണു തുറിച്ച് ജ്വലിപ്പിച്ച് ഒരു നോട്ടമുണ്ട് കക്ഷി. രാവിലെ കണ്ട അതേ മനുഷ്യനാണോ ഇത് എന്ന് ഞെട്ടിപ്പോകുമായിരുന്നു ഞാന്‍. വൈകുന്നേരം മാത്രമേ പിന്നെ ഫ്രീയാകൂ അദ്ദേഹം. സ്കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ എന്നും വൈകുന്നേരം ഞങ്ങള്‍ ഫുട്ബാളുകളിക്കുന്നതു കാണാന്‍ വരുമായിരുന്നു ദിവാകരേട്ടന്‍. വയലിന്റെ പടിഞ്ഞാറേക്കരയില്‍ ഞങ്ങളുടെ കളി നോക്കിയിരിക്കുന്നതു കാണാം. പിന്നെ എപ്പൊഴാണു പോകാറുള്ളതെന്നറിയില്ല. അപ്പൊഴേക്കും ഞങ്ങള്‍ കളിയും നിര്‍ത്തിയിട്ടുണ്ടാകും. പുഴയ്ക്ക് അക്കരെ കിഴക്കായിരുന്നു ആയിരുന്നു അദ്ദേഹത്തിന്റെ വീട്. എവിടെയായാലും എന്നും എന്റെ ജനാലയ്ക്കരില്‍ ഒന്നു വന്നിട്ടേ എന്നും ജോലിക്കു പോകൂ.

ഞങ്ങളുടെ നാട്ടിലെ ഏക ലൈന്‍‌ മാന്‍ ആണ് ദിവാകരേട്ടന്‍. പിന്നെ കടലിലെ ഉപ്പുവെള്ളം ആകാശത്തേക്ക് കയറ്റിയക്കുന്ന ചെറിയൊരു എക്സ്പോര്‍ട്ട് ബിസിനസ്സും ഉണ്ട്.

പക്ഷേ അദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങിവരുന്നത് വളരെ അപൂര്‍വ്വമായി മാത്രമേ ഞാന്‍ ക്ണ്ടിരുന്നുള്ളൂ മിക്കവാറും ഞാന്‍ ഉണരുമ്പോഴേക്കും ജോലിക്കു പോയിട്ടുണ്ടാകും. പക്ഷേ കഴിഞ്ഞ ദിവസം ഞാന്‍ പണി പറ്റിച്ചു നേരത്തേ എണീറ്റ് ദിവാകരേട്ടന്‍ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നതിന്റെ ഒരു പടം ഞാന്‍ അങ്ങ് പിടിച്ചു.






ജാലകത്തിനപ്പുറത്തു വന്നിട്ട് എന്നെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്ന രംഗമാണു താഴെ.

എനിക്ക് സ്വന്തമായി ഒരു ബ്ലോഗ് ഒക്കെ ഉണ്ടെന്ന് ഒരിക്കല്‍ ഞാന്‍ വീമ്പിളക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു - “ഒന്നു പോഡേയ്, നീയിരിക്കുന്ന ഗ്ലോബ് തന്നെ എനിക്കു ചുറ്റുമാ കറങ്ങുന്നത്, അപ്പൊഴാ അവന്റെ ഒരു ബ്ലോഗ് !!”

Sunday, December 9, 2007

മഞ്ഞിലുറയുന്ന ജലപാതങ്ങള്‍.

ഇതല്ലേ മഞ്ഞ്... തണുപ്പ്.. ;) മഞ്ഞെന്നു പറഞ്ഞ് മഴയുടെ ചിത്രം പോസ്റ്റി വഞ്ചിച്ചു എന്ന കേസിലെ പ്രതിയുടെ പുതിയ വെളിപ്പെടുത്തലുകള്‍. :)

മിനിയാപൊളിസ് ഡൌണ്ടൌണിനടുത്തുതന്നെയുള്ള മിനിഹഹ പാര്‍ക്കിലെ ഒരു കൊച്ചു വെള്ളച്ചാട്ടം മഞ്ഞില്‍ ഉറഞ്ഞുനില്‍ക്കുന്നതിന്റെ കാഴ്ചകള്‍. താഴോട്ടു പതിക്കാനാവതെ ഉറഞ്ഞുപോയ വെള്ളത്തുള്ളികള്‍.







നഗ്നരായി ഈ കൊടുംതണുപ്പുമുഴുവനും കൊണ്ടു വസന്തവും കാത്ത്.

മഞ്ഞുരുകുന്നതും കാത്ത്...

Monday, November 19, 2007

മിനിയാപൊളിസില്‍ മഞ്ഞുപെയ്യുമ്പോള്‍..

പുറത്തു മനസ്സുകുളിര്‍ക്കെ മഞ്ഞുപെയ്തപ്പോള്‍ മുറിയിലെ ജാലകച്ചില്ലില്‍ ഞാന്‍ കണ്ട കാഴ്ചകള്‍।






ഡൌണ്‍ ടൌണ്‍,

Tuesday, November 6, 2007

ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍

സ്നേഹിതരേ,

സപ്തവര്‍ണ്ണങ്ങളുടെ ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍ എന്ന പോസ്റ്റാണ് എന്റെ ഗുരു. ഈ ബ്ലോഗ്മുഖത്തുനിന്നാണ് ഞാന്‍ ഫോട്ടോഗ്രാഫിയുടെ ആദ്യാക്ഷരങ്ങള്‍ ചൊല്ലിക്കേട്ടത്. വളരെ വിജ്ഞാനപ്രദമായ ഒരു പോസ്റ്റാണത്. മുന്‍പുതന്നെ വായിച്ചിട്ടുണ്ടാകുമെങ്കിലും ഒരു ഓര്‍മ്മ പുതുക്കാന്‍, കാണാത്തവരുണ്ടെങ്കില്‍ ഒരു ചൂണ്ടുപലകയായി ഇവിടെ കുറിക്കുന്നു എന്നു മാത്രം.
ക്യാമറയുടെ മാനുവല്‍ മോഡിനു പഠിക്കുമ്പോള്‍ പതിഞ്ഞ ചില ചിത്രങ്ങള്‍ താഴെ പോസ്റ്റുന്നു.
ആ നിറങ്ങളോടുള്ള ഒരു കൌതുകം അത്ര മാത്രം.













Sunday, October 28, 2007

അറ്റ്ലാന്റിക്കിന്റെ തീരങ്ങളിലെവിടെയോ....



അറ്റ്ലാന്റിക്കിന്റെ തീരങ്ങളിലെവിടെയോ....

ഒരു പേരറിയാപ്പൂവുകൂടി...

ഒരു പേരറിയാപ്പൂവുകൂടി...

Friday, October 12, 2007

കണ്ണകി.

കുറ്റാരോപിതനായ കോവലനെ രാജനീതിയുടെ ഖഡ്ഗം വിചാരണ കൂടാതെ തലയറുത്തപ്പോള്‍ കോവലന്റെ പത്നി കണ്ണകിയുടെ ശാപാഗ്നിയില്‍ വെന്തത്‌ മധുരാനഗരം മുഴുവനുമായിരുന്നു.
കുറ്റാരോപിതരെ തെരുവില്‍ കെട്ടി വലിക്കുകയും ഗര്‍ഭിണികളെവരെ ആള്‍ക്കൂട്ടങ്ങള്‍ മര്‍ദ്ദിക്കുകയും ചെയ്യുന്ന നമ്മുടെ വര്‍ത്തമാനകാലവും ഒരു പാടു ശാപങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ടാവണം.

കണ്ണകി
ചെന്നൈ മറീനാ ബീച്ചിനു മുന്നിലുള്ള ശില്‍പം.


Wednesday, October 10, 2007

പാണത്തൂര്‍ വഴി സ്കോട്‌ലാന്റിലേക്ക്‌.

ഇക്കഴിഞ്ഞ ഓണാവധിക്കാലത്ത്‌ ഇന്ത്യയിലെ സ്കോട്‌ലാന്റ്‌ എന്നറിയപ്പെടുന്ന കുടകിലേക്കു നടത്തിയ ഒരു യാത്രയുടെ ചില ചിത്രങ്ങളും കുറിപ്പുകളും॥

നനുത്ത മഴനൂലുകള്‍ നിര്‍ത്താതെ പെയ്ത ഒരു പകലും രാത്രിയും മഞ്ഞിന്റെ പുതപ്പും പുതച്ച്‌ കുളിര്‍ത്തുനില്‍ക്കുന്ന കുടകുമലനിരകളിലൂടെ തലക്കാവേരിയിലേക്ക്‌, പിന്നെ കോടമഞ്ഞുപുതച്ചുകിടന്ന മലനിരകളിലൂടെ, വിശാലമായ കാപ്പിത്തോട്ടങ്ങളിലൂടെ, ഓറഞ്ചുതോട്ടങ്ങളിലൂടെ മെര്‍ക്കാറയിലേക്ക്‌.




കാടിന്റെയും നിഗൂഢഭാവങ്ങളും കാട്ടുചോലകളുടെ കുളിരും ഹരിതഭംഗിയുടെ വശ്യതയും അനുഭവിക്കണമെങ്കില്‍ ഇവിടേക്കു പോകൂ. കേരളാ - കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള മലനിരകള്‍ കടന്നാലെത്തം കുടകിലേക്ക്‌.

ഞങ്ങള്‍ അഞ്ചുപേര്‍. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാടേക്ക്‌ - പാണത്തൂര്‍ - ബാഗമണ്ഡലം വഴി തലക്കാവേരിയിലേക്ക്‌. അവിടുന്ന് മെര്‍ക്കാറയിലേക്ക്‌..
തലക്കാവേരിയിലെത്തിയപ്പോള്‍ സമയം ഉച്ച 1।30 ആയെങ്കിലും കോടമഞ്ഞും ചാറ്റല്‍‍മഴയും കൊണ്ട്‌ കഷ്ടപ്പെട്ടുപോയി. കാവേരിനദിയുടെ ഉത്ഭവസ്ഥാനം അവിടെയാണ്‌. ഒരു ശിവക്ഷേത്രവും പാര്‍വതീദേവി തപസ്സുചെയ്തു എന്നു വിശ്വസിക്കുന്ന ഒരു വലിയ കുന്നും അവിടെയുണ്ട്‌. 258 പടികള്‍ (ഒന്നിച്ചുണ്ടായിരുന്ന ലക്ഷ്മണന്‍ മാഷ്‌ കൃത്യമായി എണ്ണിയതാണ്‌ :) ) കയറി കുന്നിന്‍ മുകളില്‍ എത്തിയെങ്കിലും മഞ്ഞും മഴയും കാരണം പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയില്ല.
അത്ഭുതപ്പെടുത്തിയ ഒരു സ്ഥലമായിരുന്നു മെര്‍ക്കാറയില്‍ നിന്നും 1 മണിക്കൂര്‍ ഡ്രൈവുചെയ്ത്‌ എത്താവുന്ന കുശാല്‍ നഗര്‍. - അവിടുത്തെ ടിബറ്റന്‍ കോളനി.
ഗോള്‍ഡന്‍ ടെമ്പിള്‍ - ദൂരെ നിന്നും






അയ്യായിരത്തോളം വരുന്ന ടിബറ്റര്‍ താമസിക്കുന്ന പ്രദേശം. എല്ലാ സൗകര്യങ്ങളോടും കൂടി തങ്ങളുടെ തനതായ ജീവിത രീതിയില്‍ അവിടെ ജീവിക്കുന്നു. സ്കൂളും കോളേജും ഒക്കെ അവിടെയുണ്ട്‌. ഒപ്പം മനോഹരമായ ബുദ്ധക്ഷേത്രവും. - ഗോള്‍ഡന്‍ ടെമ്പിള്‍ എന്ന് അറിയപ്പെടുന്ന ബുദ്ധമതക്കാരുടെ ആരാധനാലയം കാണേണ്ടതുതന്നെ. ടിബറ്റന്‍ രീതിയിലുള്ള ശില്‍പങ്ങളും വിഗ്രഹങ്ങളും ചുവര്‍ചിത്രങ്ങളും ഇവിടെക്കാണാം.ചുവപ്പും ബ്രൗണും നിറത്തിലുള്ള മുണ്ടും പുതപ്പും പുതച്ചു നടക്കുന്ന ഇവിടുത്തെ സ്കൂളിലെയും കോളേജിലെയും കുട്ടികളെ കാണാനും കൗതുകം തന്നെ.



ണിം.. ണിം...


ഗോള്‍ഡന്‍ ടെമ്പിള്‍.




ബുദ്ധപ്രതിമ.


നിര്‍ത്താതെ പെയ്ത ചാറ്റല്‍മഴയും കട്ടികൂടിയ കോടമഞ്ഞും ചിലപ്പോഴൊക്കെ ഡ്രൈവിങ്ങ്‌ ദുഷ്കരമാക്കിയെങ്കിലും ആസ്വദിച്ചു, കുടകിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ആ യാത്ര।

തിരിച്ചു വന്നത്‌ മെര്‍ക്കാറയില്‍നിന്നും വിരാജ്‌പേട്ടിലേക്ക്‌। അവിടുന്ന് ചുരമിറങ്ങി മാക്കൂട്ടം - കൂട്ടുപുഴ വഴി ഇരിട്ടിയിലേക്ക്‌. അവിടെനിന്നും മട്ടന്നൂര്‍ വഴി കണ്ണൂരേക്ക്‌. തിരിച്ചു വന്നവഴി വിരാജ്‌പേട്ട ചുരത്തിലൂടയുള്ള യാത്ര തികച്ചും ദുഷ്കരമായിരുന്നു. ആവഴി വന്നല്ലോ എന്നായിപ്പോയി ഒടുവില്‍. അത്രയ്ക്കും മോശമായിരുന്നു റോഡിന്റെ അവസ്ഥ. 10- 15 കിലോമീറ്റര്‍ റോഡിന്റെ സ്ഥാനത്ത്‌ കുണ്ടും കുഴിയും മാത്രം. കേരളാ ബോര്‍ഡര്‍ എത്തുമ്പോഴെക്കും നടുവിന്റെ ബോള്‍ട്ടിളകി.

എങ്കിലും മൊത്തത്തില്‍ ആസ്വദിച്ചു ആ സ്കോട്‌ലാന്റ്‌ യാത്ര... മനോഹരമയായ നിമിഷങ്ങള്‍ ഇനി ഒാര്‍മ്മയില്‍..

Friday, September 28, 2007

പൂ.. കുങ്കുമപ്പൂ...



ഈ സുന്ദരിയുടെ പേരറിയുന്നവര്‍ ഒന്നു പറഞ്ഞുതരുമോ ?

Monday, September 24, 2007

പൂവിനുള്ളിലെ പൂക്കാലം.
















ഒരു വെളുത്ത ചെമ്പരത്തിപ്പൂവിലെ കാഴ്ചകള്‍..ചെമ്പരത്തിയില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കളെന്നപോല്‍...

Monday, September 10, 2007

ചാലില്‍ ബീച്ചില്‍ ഒരു സായാഹ്നം.

ചാലില്‍ ബീച്ച്‌,

കണ്ണൂര്‍

പയ്യാമ്പലം ബീച്ചില്‍ നിന്നും ഏകദേശം 7 കി.മി. വടക്ക്‌. വിശാലമായ തീരവും അടുത്തുതന്നെയുള്ള കാറ്റാടിമരക്കൂട്ടവും ചെറിയ ഒരു പാര്‍ക്കും ഒക്കെക്കൂടി നല്ല ഒരു കടല്‍ത്തീരമാണ്‌ ഇത്. തൊട്ടടുത്തുതന്നെയാണു മീന്‍കുന്ന് ബീച്ചും.

ചാലില്‍ ബീച്ചിലെ ശില്‍പം

അമ്മയും കുഞ്ഞും ചിപ്പിയും

ശില്‍പി - ബാലന്‍ താനൂര്‍.

ഇനി കണ്ണൂരിലേക്ക്‌ വരുമ്പോള്‍ ഇവിടം വരെ വരൂ..
നല്ല ഒരു സായാഹ്നം നിങ്ങള്‍ക്ക്‌ ഇവിടെ ചിലവഴിക്കാം...


Monday, September 3, 2007

എല്ലാ ബൂലോകര്‍ക്കും സ്‌നേഹപൂര്‍വ്വം...

എല്ലാ ബൂലോകര്‍ക്കും സ്‌നേഹപൂര്‍വ്വം...
വീട്ടിലുണ്ടാക്കിയതാണ്‌. ചൂടോടെ തിന്നണേ... :)


എന്ത്‌ ? ഇതു പോരെന്നോ... ? എങ്കില്‍ ദാ മുഴുവനും അങ്ങ്ഡ്‌ തട്ടാ... :)



Wednesday, August 22, 2007

കല്‍ക്കത്തയിലേക്ക്‌ ഒരു യാത്ര..

കുറച്ചു മാസങ്ങള്‍ക്കുമുന്‍പ്‌ കല്‍ക്കത്തയിലേക്ക്‌ രണ്ടുദിവസത്തെ ഒരു യാത്ര നടത്തി. ഉദ്യോഗസംബന്ധമായി കുറച്ചുദിവസമായി അവിടെയുള്ള എന്റെ ജേഷ്ഠന്റെകൂടെ രണ്ടുദിവസം ചിലവിടുകയും കല്‍ക്കത്ത കാണുകയുമായിരുന്നു പരിപാടി.സമയക്കുറവുകാരണം ഒടുവില്‍ അത്‌ കൂറ ബംഗാളില്‍ പോയപോലെയായി. അന്ന് പകര്‍ത്തിയ ചില ചിത്രങ്ങള്‍ പോസ്റ്റുകയാണിവിടെ. നല്ല ചിത്രങ്ങള്‍ എന്നുപറയാവുന്നവ ഇല്ല. എങ്കിലും അങ്ങ്ഡ്‌ പോസ്റ്റാ...
ഗംഗാനദിയില്‍ ഒരു തോണിയാത്ര।

പശ്ചാത്തലത്തില്‍ കാണുന്ന മന്ദിരം ശ്രീരാമകൃഷ്ണ മിഷന്‍ മഠം, ബേലൂര്‍. ഗംഗാനദിയുടെ പടിഞ്ഞാറന്‍ തീരത്ത്‌ (കല്‍ക്കത്തയില്‍ ഹൂഗ്ലിനദി) സ്ഥിതിചെയ്യുന്ന ഈ സ്ഥലത്താണ്‌ മിഷന്റെ ആസ്ഥാനം. അടുത്തു തന്നെ ശ്രീരാമകൃഷ്ണ മിഷന്‍ മ്യൂസിയവും ഉണ്ട്‌. സ്വാമി ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാ ദേവിയുടെയും സ്വാമി വിവേകാനന്ദന്റെയും ജീവിത ചരിത്രം അവിടെ ചിത്രീകരിച്ചിരിട്ടുണ്ട്‌. അവരുടെ ജീവിതകാലത്ത്‌ ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും എല്ലാം അവിടെക്കാണാം. സ്വാമി വിവേകാനന്ദന്റെ സ്വന്തം പലപ്പോഴായി എഴുതിയ എഴുത്തുകളും ഒക്കെ അവിടെ സൂക്ഷിച്ചിട്ടുണ്ട്‌. ഒപ്പം തന്നെ ബംഗാളിന്റെ സാംസ്കാരിക ചരിത്രവും ചരിത്രനായകരുടെയും ചിത്രങ്ങളും വിവരണങ്ങളും.നദിയിലൂടെ ഞാന്‍ യാത്ര ചെയ്തത്‌ ദക്ഷിണേശ്വര്‍ ക്ഷേത്രത്തിലേക്കായിരുന്നു. ഹൂഗ്ഗ്ലി നദിക്കരയിലുള്ള ഈ കാളീക്ഷേത്രത്തിലെ ഉപാസകനായിരുന്നു ഭാരതം കണ്ട മഹാനായ ആത്മീയ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസര്‍. അദ്ദേഹം താമസിച്ചിരുന്ന മുറി അതുപോലെത്തന്നെ അവിടെ പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്‌.


ഇന്ത്യന്‍ മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമാണ്‌ ഈ മ്യൂസിയം. 1814 -ല്‍ സ്ഥാപിതമായ ഈ മ്യൂസിയം പഴക്കത്തിന്റെ കാര്യത്തിലെ ലോകത്തില്‍ ഒന്‍പതാം സ്ഥാനത്താണ്‌. ഭാരതത്തിന്റെയും ഭാരതീയ സംസ്കാരത്തിന്റെയും ചരിത്രം ശില്‍പങ്ങളിലൂടെയും പെയിന്റിങ്ങുകളിലൂടെയും അപൂര്‍വങ്ങളായ പുരാവസ്തുക്കളിലൂടെയും അനുഭവിക്കാന്‍ കഴിഞ്ഞു എനിക്ക്‌. ചിത്രങ്ങളിലും കറന്‍സിയിലും മാത്രം ഞാന്‍ കണ്ട അശോകസ്തംഭത്തിന്റെ യഥാര്‍ത്ഥ ശില്‍പം അവിടെ കണ്ടു. നേരം വൈകിയതുകൊണ്ട്‌ മുഴുവനും കണ്ടു തീര്‍ക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇപ്പൊഴും മനസ്സിലുണ്ട്‌.


മ്യൂസിയത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വസ്ത്രരീതികള്‍ ചിത്രീകരിച്ചിരിക്കുന്നു.






കണ്ടോ നമ്മുടെ മലയാളിയെ ?




വിക്ടോറിയ മെമ്മോറിയല്‍।




വിക്ടോറിയ രാജ്ഞിയുടെ സ്മരണാര്‍ത്ഥം ബ്രിട്ടീഷുകാര്‍ 1921 ഇല്‍ പണി കഴിപ്പിച്ച ഈ സ്മാരകം ഇന്ന് മ്യൂസിയമാണ്‌. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ വിഖ്യാതമായ പല രേഖകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. സ്വാതന്ത്യ സമരകാലത്തെ പല പത്രങ്ങളും അപൂര്‍വങ്ങളായ ചിത്രങ്ങളും ഒക്കെ അവിടെയുണ്ട്‌. "പ്രിയ ജവാഹര്‍...” എന്ന് തുടങ്ങി സുഭാഷ്‌ ചന്ദ്രബോസ്‌ നെഹ്രുവിനെഴുതിയ എഴുത്തുകളൊക്കെ അവിടെക്കണ്ടപ്പോള്‍ ഞാന്‍ വികാരധീനായി.



ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന്റെ രേഖയും അവിടെ പ്രദര്‍ശനത്തിനുണ്ട്‌. എന്റെ മുന്നിലുണ്ടായിരുന്ന മധ്യവയസ്കന്‍ അതില്‍ നോക്കി മുഷ്ടി ചുരുട്ടി “വന്ദേ മാതരം .." എന്ന് ഉറക്കെത്തന്നെ വിളിച്ചത്‌ എന്നില്‍ ആവേശമുണര്‍ത്തിയ ഒരു അനുഭവമായി. അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാന്‍ ജീവന്‍ നല്‍കിയ ലക്ഷക്കണക്കിന്ത്യക്കാരുടെ സ്മരണ ഒരു നിമിഷംകൊണ്ട്‌ അവിടെ നിറഞ്ഞതായും എല്ലാവരും ഒരു വേള അവരുടെ ത്യാഗത്തിന്റെ ആഴം മനസ്സില്‍ അറിഞ്ഞതായും എനിക്കുതോന്നി.




ഈഡന്‍ ഗാര്‍ഡന്‍സിന്റെ കവാടം. ചെവിയോര്‍ത്താല്‍ കേള്‍ക്കാം ആരവം...








മൈതാന്‍॥



നഗരത്തിനു നടുവിലെ വിശാലമായ കളിക്കളം.. ഏക്കറുകള്‍ പരന്നു കിടക്കുന്ന ഈ മൈതാനം മനോഹരമായ ഒരു കാഴ്ചയാണ്‌. ഇവിടെയാണ്‌ കല്‍ക്കത്തയുടെ പ്രശസ്തമായ കായികലോകം പന്തുരുട്ടിത്തുടങ്ങുന്നത്‌. ഈസ്റ്റ്‌ ബംഗാളിന്റെ യും മോഹന്‍ ബഗാന്റെയും ഗ്രൗണ്ടുകള്‍ അടുത്തുതന്നെയുണ്ട്‌.


താമസത്തിനു സൗകര്യം ചെയ്തുതന്ന സഞ്ജീബ്‌ദായുടെ ഊഷ്മളമായ ആതിഥ്യം ആസ്വദിച്ചും മെട്രൊയിലൂടെ നഗരത്തില്‍ കറങ്ങിയുംറൈറ്റേര്‍സ്‌ ബില്‍ഡിങ്ങും ബിര്‍ളാ പ്ലാനറ്റോറിയവും ബോട്ടാണിക്കല്‍ ഗാര്‍ഡനും ഗ്രേറ്റ്‌ ബനയന്‍ ട്രീയുമൊക്കെ കണ്ട്‌ മടങ്ങുമ്പോള്‍ മനസ്സില്‍ തങ്ങിനിന്നത്‌ നഗരത്തില്‍ നിന്നും അല്‍പം അകലെയുള്ള ശാന്തിനികേതന്‍ സന്ദര്‍ശിക്കാന്‍ പറ്റാതിരുന്നതിലുള്ള വിഷമമായിരുന്നു. എന്തായാലും ഒരിക്കല്‍ക്കൂടി പോകണം കല്‍ക്കത്തയിലേക്ക്‌, എന്നെങ്കിലും.. കാണാനും അറിയാനും ഒരു പാടുബാക്കിയുണ്ട്‌ ഭാരതത്തിന്റെ ആ പഴയ തലസ്ഥാനനഗരിയില്‍... ശ്രീരാമകൃഷന്റെയും വിവേകാനന്ദന്റെയും ടാഗോറിന്റെയും അരബിന്ദോയുടെയും സുഭാഷ്‌ ചന്ദ്രബോസിന്റെയും സത്യജിത്‌ റായുടെയും മഹാശ്വേതാ ദേവിയുടെയും ഋതുപര്‍ണ ഘോഷിന്റെയും മദര്‍ തെരേസയുടെയും അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര പ്രതിഭകള്‍ വളര്‍ന്ന വംഗനാട്ടില്‍....കേരളത്തിന്റെ പ്രിയപ്പെട്ട ബംഗാളില്‍...










Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP