മുഹമ്മദ് ഡോക്ടര്‍
ചെറുപ്പത്തില്‍ പനിയും ശ്വാസം മുട്ടലും പിടിച്ച് മുഹമ്മദ് ഡോക്റ്ററുടെ അടുത്ത് പോകുമ്പോളാണ് ഞാന്‍ ലോകത്തെ ശരിക്കും ശ്രദ്ധിച്ചു കണ്ടിരുന്നത്.തലയില്‍ വലിയ ഒരു ഭാരം എടുത്തു വച്ചിട്ടെന്നവണ്ണം പനിയും കൊണ്ട് പഴയ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ആശുപത്രി വരാന്തയിലെ തേയ്മാനം വന്ന ബെഞ്ചില്‍ അകത്തേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കും ഞാന്‍. രണ്ടാശ്ചകൂടുമ്പോള്‍ ഒരിക്കല്‍ പതിവാണ് പനി. വാവടുപ്പിച്ച് വലിവും. വലിവു മാറാന്‍ നെറുകയില്‍ തേച്ച പശുവിന്‍ നെയ്യിന്റെ മണവുമായി ഞാന്‍ കാത്തിരിക്കും അവിടെ. മുന്നില്‍ വരിവരിയായി നില്‍ക്കുന്ന പെണ്ണുങ്ങളും ആണുങ്ങളും കുട്ടികളും. ഒരേ ആള്‍ക്കാരു തന്നെ എന്നും ഉണ്ടാകും അവിടെ ഏതു സമയത്തു ചെന്നാലും. കറുത്ത പര്‍ദ്ദയും കൈയില്‍ ഉണങ്ങാതെ ചുരുട്ടിയ ഒരു കുടയും മരുന്നു കുറിച്ച ഒരു പച്ചക്കടലാസുമായി ഒരു ഉമ്മ.. കാലിലെ പുണ്ണില്‍ കെട്ടുമായി ഒരു വയസ്സന്‍. പനിയായതിനാലോ വിളര്‍ച്ച ബാധിച്ച കണ്ണുകളുമായി ചുവരില്‍ ചാരി നില്‍ക്കുന്ന ഒരു മെലിഞ്ഞ പെണ്‍കുട്ടി. കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞിനെ ആട്ടിയാട്ടി നില്‍ക്കുന്ന ഒരു സ്ത്രീ.. കൈയില്‍ ഒരു സ്ലൈഡുമായി ആടിയാടി നടക്കുന്ന തടിച്ച നര്‍സ്. ഇരുണ്ടമുറിയില്‍ നാലഞ്ചാളെ പരിശോധിച്ച ശേഷം ഒന്നിച്ച് മരുന്നു കുറിച്ചു കൊടുക്കുന്ന ഡോക്ടര്‍. ഇടയ്ക്ക് മുന്നിലെ മൈക്രോസ്കോപ്പില്‍ നര്‍സ് കൊണ്ടുവെച്ച സ്ലൈഡില്‍ ഒരു നോട്ടം. അടുത്ത മുറിയില്‍ കാലില്‍ കെട്ടി കാത്തിരിക്കുന്ന ചെറുപ്പക്കാരന്റെ അടുത്തേക്ക് അതിനിടയില്‍ ഒരു ഓട്ടം. കൂട്ടിയിട്ടിരിക്കുന്ന പൊടിപിടിച്ച സാമ്പിള്‍ മരുന്നുകളുടെയും കടലാസുകളുടേയും ഇടയില്‍ ഒരു ഇന്ത്യന്‍ എക്പ്രസ്. കൈ കൊണ്ട് ഒരാംഗ്യമാണ്. കയറി വരാന്‍. ഒരു മിനുട്ട്. നെഞ്ചത്ത് സ്റ്റെതസ്കോപ്പിനാല്‍ രണ്ട് വെപ്പ്. ചുമയുണ്ടോ ? കഫമുണ്ടോ ? ഇത്രയും ചോദ്യങ്ങള്‍. നിരത്തിവെച്ചിരിക്കുന്ന മരുന്നു കുപ്പികളില്‍ കൈയിട്ട് ഒരു വാരല്‍. ഡോക്ടര്‍ പറയുന്നതൊന്നും മനസ്സിലാവില്ല. എങ്കിലും എനിക്കറിയാം ഏതെല്ലാം ഗുളികള്‍. എത്രെയെണ്ണം. എപ്പൊഴെല്ലാം എന്ന്. പേര് ? വയസ്സെത്ര ? - ഇളം പച്ചക്കടലാസില്‍ കുത്തിവരഞ്ഞതുപോലെ ഒരു കുറിപ്പും കിട്ടുന്നു. ഞാന്‍ പോയിത്തുടങ്ങിയ കാലത്തെത്രയാണാവോ ഫീസ് ? ഓര്‍മ്മയില്ല. അച്ഛനോ അമ്മയോ ആയിരിക്കും കൂടെ വരിക.
പിന്നെ ഒരു മലയിറക്കം പോലെയാണ്. സിമന്റു പടികള്‍ ഇറങ്ങി താഴെ പ്രകാശ് ഹോട്ടലില് വെച്ചു തന്നെ ചായയും ഗുളികയും. ചെങ്ങളായി വിജയേട്ടന്റെ പീഡിയയില്‍ നിന്ന് ബാലരമ. ഒതേനാട്ടന്റെ പീഡിയയില്‍ നിന്നും റൊട്ടി. വീട്ടിലെത്തുമ്പോള്‍ വലിയമ്മ പറയും. "മുവമ്മദ് ഡോക്ടറെ ഏണി കേറും ബ്ലേക്കും ഓന്റെ പനി മാറി" എന്ന്. ഒപ്പം "എനി തുള്ളാന്‍ തുടങ്ങിക്കോ തല പൊന്തുംബ്ലേക്കും" എന്നുകൂടി ചേര്‍ക്കും.
ഇപ്പോള്‍ ഭൂമിയുടെ മറ്റേ അറ്റത്ത് ഈ നഗരത്തിലെ ഇരുപത്തിമൂന്നാം നിലയിലെ മുറിയില്‍ പനിക്കിടക്കയില്‍ കിടന്ന് ജാലകത്തിലൂടെ നോക്കുമ്പോള്‍ തെളിയുന്നത് മുഹമ്മദ് ഡോക്ടറുടെ രണ്ടു മുറികള്‍ മാത്രം ഉള്ള ആശുപത്രിയുടെ വരാന്തയും , വരിനില്‍ക്കുന്ന രോഗികളും തടിച്ച നെര്‍സും ഒക്കെയാണ്.